Society Today
Breaking News

കൊച്ചി: വിഭിന്ന കാഴ്ചപ്പാടുകളോടുള്ള അസഹിഷ്ണുതയെ ന്യായീകരിക്കാനാവില്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍.. കേരള നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.എല്ലാത്തരം ചിന്തകള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും അര്‍ഹമായ പരിഗണന ലഭിക്കുമ്പോഴാണു ജനാധിപത്യം പൂവണിയുന്നത്. അഭിപ്രായങ്ങളെ രാഷ്ട്രീയക്കണ്ണുകളിലൂടെ മാത്രം കാണുന്ന രീതി മാറ്റണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.നിയമ നിര്‍മാണ സഭകളിലെ ചര്‍ച്ചകള്‍ക്കിടെയുണ്ടാകുന്ന ബഹളവും ഒച്ചപ്പാടും രാഷ്ട്രീയായുധമാക്കരുതെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഈ പ്രവണത വര്‍ധിച്ചുവരുന്നതില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ അഭിപ്രായ വ്യത്യാസങ്ങളും കലഹങ്ങളുമുണ്ടാകും. ഇവ പരിഹരിക്കേണ്ടത് ഏറ്റുമുട്ടല്‍ നിലാപാടുകളിലൂടെയല്ല മറിച്ച്, സഹകരിച്ചുള്ള സംവാദങ്ങളിലൂടെയാണ്. പക്ഷപാത നിലപാടുകള്‍ക്കപ്പുറം ദേശീയ താത്പര്യത്തിനു പ്രാധാന്യം നല്‍കിയുള്ള നിയമ നിര്‍മാണ ചര്‍ച്ചകള്‍ നടക്കണം. ഭരണഘടനാ സ്ഥാപനങ്ങളിലിരിക്കുന്നവര്‍ പെരുമാറ്റത്തിലും നിലപാടുകളിലും അവയുടെ അന്തസ് കാത്തുസൂക്ഷിക്കുന്നവരുമായിരിക്കണം. ഗൗരവത്തോടെയും ദീര്‍ഘവീക്ഷണത്തോടെയുമുള്ള ചര്‍ച്ചകളും വാദപ്രതിവാദങ്ങളുമാണ് നിയമനിര്‍മാണ സഭകളില്‍ ഉയരേണ്ടത്.

നര്‍മവും പരിഹാസവും ബുദ്ധിയുമൊക്കെ നിറയുന്ന ഉദാത്തമായ ചര്‍ച്ചകള്‍ ഇക്കാലത്ത് സഭകളില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതും ഗൗരവത്തോടെ കാണേണ്ട ഒന്നാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.പുരോഗമന ജനാധിപ്യത്തിലേക്കുള്ള നിയമനിര്‍മാണത്തില്‍ മഹത്തായ പാരമ്പര്യമാണു കേരള നിയമസഭയ്ക്കുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളീയ സമൂഹത്തിന്റെ പരിണാമത്തിനു കാരണമായ നിരവധി നിയമ നിര്‍മാണങ്ങളുടെ നാഡീകേന്ദ്രമായി മാറാന്‍ നിയമസഭയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഇഷ്ടികയും ചാന്തുംകൊണ്ടുള്ള കെട്ടിടമെന്നതിലുപരി, ജനങ്ങളുടെ പ്രതീക്ഷകളുടെ കേന്ദ്രങ്ങളാണ് നിയമ നിര്‍മാണ സഭകള്‍. ഇത്തരത്തില്‍, ജനാധിപത്യ മൂല്യങ്ങള്‍ പൂത്തുലയുന്ന വടവൃക്ഷമായി മാറാന്‍ കേരള നിയമസഭയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നു നിസംശയം പറയാന്‍ കഴിയും. കേരള നിയമസഭയുടെ ഓരോ കാലയളവിലും നൂറിലധികം നിയമ നിര്‍മാണങ്ങള്‍ പാസാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രതിവര്‍ഷം ശരാശരി 44 ദിവസത്തോളം നിയമസഭ സമ്മേളിക്കുന്നുവെന്നതുതന്നെ ജനാധിപത്യത്തിന്റെ ശക്തിയെയാണു കാണിക്കുന്നത്. ഈ അര്‍ഥത്തില്‍ 'നിയമസഭ' എന്ന ഉചിതമായ പേരില്‍ത്തന്നെ കേരള നിയമസഭ അറിയപ്പെടുന്നത്, ജനഹിതത്തെയും ജനാധിപത്യത്തിന്റെ ആത്മാവിനേയും ഭരണഘടനയുടെ അന്തഃസത്തയേയുമാണു കാണിക്കുന്നത്.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭരണ നയങ്ങളുടെ ഭാഗമായി രാജ്യം അതിവേഗം വളര്‍ച്ചയുടെ പടവുകള്‍ കയറുകയാണ്.

ആഗോള സാമ്പത്തിക നേതാവായി ഈ നൂറ്റാണ്ടില്‍ത്തന്നെ രാജ്യം മാറും. അവസരങ്ങളുടേയും നിക്ഷേപങ്ങളുടേയും പ്രിയപ്പെട്ട കേന്ദ്രമായി ഇപ്പോള്‍ ഇന്ത്യ മാറിയിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയുടെ പട്ടികയില്‍ 11ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോള്‍ അഞ്ചാമത് എത്തിയിരിക്കുന്നു. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ മൂന്നാമത്തെ രാജ്യമായി നാം മാറും. വലിയ ഡിജിറ്റല്‍ വിപ്ലവത്തിന് രാജ്യം ഇപ്പോള്‍ സാക്ഷ്യംവഹിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 1.5 ട്രില്യണ്‍ ഡോളറിന്റെ ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടുകള്‍ നടന്നതായാണു കണക്കുകള്‍. യു.എസ്, യു.കെ, ജര്‍മനി, ഫ്രാന്‍സ്, എന്നിവ ഒന്നിച്ചു നടത്തിയാലുള്ള ഇടപാടുകളുടെ നാലിരട്ടിയാണിത്. രാജ്യത്ത് 700 ദശലക്ഷത്തിലധികം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഉണ്ട്. പ്രതിശീര്‍ഷ മൊബൈല്‍ ഡാറ്റ ഉപയോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കു പ്രകാരം ചൈനയുടേയും അമേരിക്കയുടേയും ആകെ ഉപയോഗത്തേക്കാള്‍ കൂടുതലാണിത്. ഈ കുതിപ്പില്‍ സവിശേഷമായ സ്ഥാനം കേരളത്തിനുമുണ്ട്. ടെക്‌നോളജി പാര്‍ക്കുകളും ഇലക്ട്രോണിക് നഗരങ്ങളും സൃഷ്ടിച്ച് രാജ്യത്തിന്റെ ഐടി മേഖലയുടെ നായകത്വം കേരളം വഹിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് തുടങ്ങിയ അതിനൂതന സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിലും കേരളം മുന്‍പന്തിയില്‍ത്തന്നെയാണ്. രാജ്യം തുടങ്ങി വച്ചിട്ടുള്ള ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ സാഹചര്യമുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള മലയാളി പ്രവാസികള്‍ രാജ്യത്തു നടത്തുന്ന നിക്ഷേപം മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ വലിയ സംഭാവന ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പ്രസംഗത്തില്‍ കേരളത്തിന്റെ പ്രകൃതി മനോഹാരിതയേയും ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ കുതിപ്പിനേയും പുകഴ്ത്തിയ ഉപരാഷ്ട്രപതി സ്വാതന്ത്ര്യ ലബ്ധിക്കു മുന്‍പും ശേഷവുമുള്ള കേരളത്തിന്റെ വിവിധ മേഖലകളിലെ ഉയര്‍ച്ചകളും ചൂണ്ടിക്കാണിച്ചു.

ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണ ഗുരു, ചാവര കുര്യാക്കോസ് ഏലിയാസ്, വക്കം അബ്ദുള്‍ ഖാദര്‍ മൗലവി, മാര്‍ത്താണ്ഡവര്‍മ, ശ്രീചിത്തിര തിരുന്നാള്‍ ബാലരാമവര്‍മ, കെ.ആര്‍. നാരായണന്‍, എ.പി.ജെ. അബ്ദുള്‍ കലാം, ഇ.എം.എസ്. നമ്പൂതിരിപ്പാട്, മമ്മൂട്ടി, മോഹന്‍ലാല്‍, പത്മശ്രീ എം.എ. യുസഫലി, യേശുദാസ്, പി.ടി. ഉഷ, ഡോ. വര്‍ഗീസ് കുര്യന്‍, ഇ. ശ്രീധരന്‍, ജി. മാധവന്‍ നായര്‍, ജസ്റ്റിസ് എം. ഫാത്തിമാ ബീവി, മാനുവല്‍ ഫെഡറിക്, അഞ്ജു ബോബി ജോര്‍ജ്, കെ.എസ്. ചിത്ര തുടങ്ങിയവര്‍ വിവിധ മേഖലകളില്‍ നല്‍കിയ സഭാവനകള്‍ അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു.ക്ലിഫ് ഹൗസില്‍ നടന്ന വിരുന്നിനു ശേഷം നിയമസഭാ മന്ദിരത്തിലെത്തിയ ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മന്ത്രി കെ.രാധാകൃഷ്ണന്‍, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. നിയമസഭയുടെ ഉപഹാരമായി സ്പീക്കര്‍ അദ്ദേഹത്തിന് ആറന്മുള കണ്ണാടി സമ്മാനിച്ചു. നിയമസഭാ രാജ്യാന്തര പുസ്തകോത്സവം 2023ന്റെ സുവനീര്‍ മുഖ്യമന്ത്രിക്കു നില്‍കി ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു. ലെജിസ്ലേച്ചര്‍ കോംപ്ലസ് നവീകരണത്തിന്റെ ശിലാസ്ഥാപനവു അദ്ദേഹം നിര്‍വഹിച്ചു. നിയമസഭാ മന്ദിരത്തിന്റെ ആര്‍. ശങ്കര നാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീഷന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മന്ത്രിമാര്‍, എം.എല്‍.എ. മാര്‍, മുന്‍ എം.എല്‍.എ മാര്‍, മുന്‍ സ്പീക്കര്‍മാര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഉപരാഷ്ട്രപതിയായി അധികാരമേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ അദ്ദേഹം നിയമസഭാ വളപ്പില്‍ വൃക്ഷത്തൈയും നട്ടു.
 

Top